Followers

ഒരു ഭാഷ ജീവനോടെ നിലനില്‍ക്കണമെങ്കില്‍ അതിലൂടെ വിവരങ്ങളും വിജ്ഞാനവും വിനിമയം ചെയ്യപ്പെടണം. അതിനുള്ള അവസരം ഭാഷയ്‌ക്കു ലഭിക്കുന്നില്ലെങ്കില്‍, 'മൃതഭാഷ'യെന്ന വിധിയാകും അതിനെ കാത്തിരിക്കുക. സ്വാഭാവികമായും ഇന്റര്‍നെറ്റിലൂടെ (ഓണ്‍ലൈനിലൂടെ) ഏതെങ്കിലുമൊരു ഭാഷയില്‍ വിവരങ്ങള്‍ തേടാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്നത്തെ സ്ഥിതിയില്‍ ആ ഭാഷയ്‌ക്ക്‌ ഭാവിയില്ല എന്ന്‌ നിശ്ചയിക്കാം. ആ നിലയ്‌ക്ക്‌ മലയാളവും നാളെ ഉപയോഗിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈനിലൂടെ മലയാളത്തില്‍ വിവരങ്ങളും വിജ്ഞാനവും ലഭ്യമാക്കാന്‍ സാധിക്കണം. അതിനുള്ള ബലമുള്ള അടിത്തറയാണ്‌ മലയാളം വിക്കിപീഡിയ .
ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, എല്ലാവര്‍ക്കും സ്വന്തമായ സ്വതന്ത്രവിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ ഇന്ന്‌ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശം. അതിന്റെ മലയാളം പതിപ്പാണ്‌ 'മലയാളംവിക്കി'(http://ml.wikipedia.org/). ഇന്റര്‍നെറ്റില്‍ ആര്‍ക്കു വേണമെങ്കിലും എവിടെയിരുന്നും മലയാളത്തില്‍ വിവരങ്ങള്‍ തേടാനും, മലയാളത്തില്‍ ലേഖനം എഴുതാനും, തിരുത്താനും 'മലയാളം വിക്കിപീഡിയ'അവസരം നല്‍കുന്നു. "വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ലെന്ന കാഴ്‌ചപ്പാടാണ്‌ വിക്കിപീഡിയയെ നയിക്കുന്നത്‌"-ഷിജു അലക്‌സ്‌ പറയുന്നു. ശരിക്കു പറഞ്ഞാല്‍ വിവരശേഖരണത്തിന്റെയും വിതരണത്തിന്റെയും യഥാര്‍ത്ഥ ജനാധിപത്യവത്‌ക്കരണമാണിത്‌. 'ജി.എന്‍.യു. ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സി'നാല്‍ വിക്കിപീഡിയ നിയന്ത്രിക്കപ്പെടുന്നു. അതിനാല്‍ അതിന്റെ ഉള്ളടക്കം എക്കാലവും സ്വതന്ത്രവും സൗജന്യവുമായിരിക്കും.

പത്ത് വര്‍ഷമായി 'മലയാളംവിക്കി' ആരംഭിച്ചിട്ട്‌.വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ്‌ സംരംഭത്തിന്റെ തുടക്കം 2001 ജനവരി 15-നായിരുന്നു. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ അന്ന്‌ തുടങ്ങിയത്‌. ഇപ്പോള്‍ 229 ലോകഭാഷകളില്‍ വിക്കിപീഡിയയ്‌ക്ക്‌ പതിപ്പുകളുണ്ട്‌ (മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും വിക്കിയിലൂടെ പുനര്‍ജനിക്കുന്നു). ആ പതിപ്പുകളില്‍ ഒന്നാണ്‌ 'മലയാളംവിക്കി'. മാതൃസംരംഭം ഉദ്‌ഘാടനം ചെയ്യപ്പെട്ട്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞ്‌, 2002 ഡിസംബര്‍ 21-ന്‌ മലയാളംവിക്കി ആരംഭിച്ചു. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ്‌ മേനോന്‍ എം.പി.യായിരുന്നു അതിനു പിന്നില്‍.

രണ്ടുവര്‍ഷത്തോളം മലയാളം വിക്കി നിലനിര്‍ത്താന്‍ യത്‌നിച്ചതും അദ്ദേഹം തന്നെയായിരുന്നു. ബാലാരിഷ്ടതയുടെ ആദ്യവര്‍ഷങ്ങള്‍. വിനോദ്‌ മേനോന്‍ മാത്രം ആദ്യം കുറെ നാള്‍ മലയാളംവിക്കി കൊണ്ടു നടന്നു. പിന്നീട്‌ ചില വിദേശ മലയാളികള്‍ ഒപ്പം കൂടി (ഇപ്പോഴും മലയാളംവിക്കിയുടെ മുഖ്യപ്രവര്‍ത്തകരെല്ലാം കേരളത്തിന്‌ വെളിയില്‍ ജോലി ചെയ്യുന്ന മലയാളികളാണ്‌). എങ്കിലും 2004 വരെ കാര്യമായ പുരോഗതിയുണ്ടായില്ല. മലയാളംവിക്കിയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു (2004 ഡിസംബറില്‍) എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ മന്ദഗതി മനസിലാക്കാമല്ലോ.

എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കിക്കും അനുഗ്രഹമായി. ഇക്കാലത്താണ്‌ മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായിത്തുടങ്ങിയത്‌. ഒപ്പം മലയാളം ബ്ലോഗുകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബ്ലോഗിങ്ങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിയ്‌ക്കും സംഭാവന ചെയ്യാന്‍ തയ്യാറായി രംഗത്തെത്തി.
കമ്പ്യൂട്ടറിന്‌ മലയാളവും വഴങ്ങുമെന്ന സ്ഥിതിയുണ്ടായ ആ സമയത്ത്‌, മലാളംവിക്കിയുടെ കാര്യത്തില്‍ മറ്റൊരു സംഗതി കൂടി സംഭവിച്ചു. കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത്‌ കൈനിക്കര അമേരിക്കയിലെത്തി. അദ്ദേഹം സജീവമാകുന്നതോടെയാണ്‌ മലയാളംവിക്കിയുടെ പുതിയ ഘട്ടത്തിന്റെ തുടക്കം. മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ മലയാളംവിക്കിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുമൊക്കെ മന്‍ജിത്‌ നടത്തിയ ശ്രമം ഒരു പരിധിവരെ ഫലം കണ്ടു. 2005 സപ്‌തംബറില്‍ മന്‍ജിത്‌ മലയാളംവിക്കിയുടെ ആദ്യ സിസോപ്പ്‌ ആയി ചുമതലയേറ്റു. ഒരു മാസത്തിന്‌ ശേഷം അദ്ദേഹം ഈ സംരംഭത്തിന്റെ ആദ്യ ബ്യൂറോക്രാറ്റും ആയി. സാങ്കേതിക കാര്യങ്ങളില്‍ മലയാളംവിക്കി ഏതാണ്ട്‌ സ്വയംപര്യാപ്‌തത നേടുന്നത്‌ ഈ സമയത്താണ്‌.

മലയാളം കമ്പ്യൂട്ടിങ്ങിലുണ്ടായ മുന്നേറ്റം ബ്ലോഗിങിലും മലയാളംവിക്കിയിലും ശരിക്കൊരു കുതിച്ചുചാട്ടമുണ്ടാക്കുന്നത്‌ 2006 മുതലാണ്‌. ബ്ലോഗിങിലൂടെ മലയാളം ടൈപ്പിങ്‌ അനായാസം പഠിച്ചെടുത്ത പലരുടെയും സജീവശ്രദ്ധ വിക്കിയിലേക്കും തിരിഞ്ഞു. മലയാളംവിക്കിയിലെ ഉള്ളടക്കത്തിന്റെ വൈവിധ്യവും ലേഖനങ്ങളുടെ എണ്ണവും വര്‍ധിച്ചു. 2006 ഏപ്രില്‍ പത്തിന്‌ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 1000-വും നവംബറില്‍ 1500-ഉം ആയി. ഈ മുന്നേറ്റം ഇപ്പോഴും തുടരുന്നു; നിലവില്‍ 3500 ലേഖനങ്ങള്‍ മലയാളംവിക്കിയിലുണ്ട്‌. ഇപ്പോഴത്തെ കണക്കു പ്രകാരം ഓരോ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ പുതിയതായി ചേര്‍ക്കപ്പെടുന്നു.

ലേഖനങ്ങള്‍ മാത്രമല്ല ഫോട്ടോകളും മറ്റു രേഖകളും വിക്കിക്ക്‌ സംഭാവന ചെയ്യുന്നവരുമുണ്ട്‌. "പണ്ടൊക്കെ കൈയിലുള്ള ക്യാമറയുടെ ഉപയോഗം എന്തെന്നു തന്നെ നിശ്ചയമില്ലായിരുന്നു"-ഡോ.വിപിന്‍ പറയുന്നു. ഇപ്പോള്‍ സ്ഥിതി മാറി. "എവിടെ പോകുമ്പോഴും ഒരു ഡിജിറ്റല്‍ ക്യാമറ എന്റെ പക്കലുണ്ടാകും, വിക്കിയില്‍ ചേര്‍ക്കാന്‍ പറ്റിയ ഒരു ചിത്രം എപ്പോഴാണ്‌ കിട്ടുക എന്നറിയില്ലല്ലോ"-അദ്ദേഹം പറയുന്നു. ഡോ.വിപിനിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല.

കൂട്ടായ്‌മയുടെ ഉത്തമ ഉദാഹരണമാണ്‌ വിക്കിയിലെ വിവരശേഖരണം. ആര്‍ക്കും എഴുതുകയും ആര്‍ക്കും തിരുത്തുകയും ചെയ്യാവുന്ന കൂട്ടായ്‌മ. ഇത്തരം കൂട്ടായ്‌മയില്‍ നിന്ന്‌ ഒരു വിജ്ഞാനകോശം എങ്ങനെയുണ്ടാകും എന്ന്‌ പലര്‍ക്കും സംശയമുണ്ടാകും. തെറ്റു വരില്ലേ, അബദ്ധങ്ങള്‍ കടന്നു കൂടില്ലേ; ഒരു വിജ്ഞാനകോശത്തില്‍ അത്‌ പാടുണ്ടോ. ഒരാള്‍ തെറ്റുവരുത്തിയാല്‍ വേറെയാരെങ്കിലും അത്‌ കണ്ടെത്തി തിരുത്തും എന്നതാണ്‌ വിക്കിയുടെ അനുഭവം. ഇംഗ്ലീഷ്‌വിക്കിയില്‍ വരുന്ന തെറ്റുകള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നൊരു പരിശോധന വിക്കി മീഡിയ ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി. അഞ്ചുമിനിറ്റിനകം തെറ്റുകള്‍ തിരുത്തപ്പെടുന്നു എന്നാണ്‌ തെളിഞ്ഞത്‌. കൂടുതല്‍ പേര്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരും എന്നതാണ്‌ വിക്കി അനുഭവം. ഉദാഹരണത്തിന്‌ മലയാളംവിക്കിയില്‍ ഒറ്റവരിയില്‍ തുടങ്ങിയ 'ചാലക്കുടി' ലേഖനത്തിന്റെ കാര്യമെടുക്കാം. പത്തോളം പേര്‍ ചേര്‍ന്ന്‌ മുന്നൂറിലേറെ പ്രാവശ്യം വെട്ടിയും തിരുത്തിയും അതിന്ന്‌ മലയാളംവിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ആന, ലോറി ബേക്കര്‍, ഇന്ത്യന്‍ റെയില്‍വെ, പറയിപെറ്റ പന്തീരുകുലം തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഉന്നത നിലവാരം നേടിയ മലയാളംവിക്കി ലേഖനങ്ങളാണ്‌.

വിക്കിയില്‍ സംഭാവന ചെയ്യുന്നവരെ നയിക്കുന്നത്‌ ഖ്യാതിയോ മറ്റെന്തെങ്കിലും നേട്ടമോ അല്ല. സ്വന്തം പേരുപയോഗിച്ച്‌ വിക്കിയില്‍ എഴുതുന്നവരുടെ എണ്ണം പോലും വളരെ കുറവാണ്‌. മിക്കവരും ഓരോ തൂലികാനാമങ്ങള്‍ക്ക്‌ പിന്നിലാണ്‌. എഴുതുന്നവര്‍ മാത്രമല്ല, ലേഖനങ്ങള്‍ തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നവരിലും അദൃശ്യരുണ്ട്‌. അറിവ്‌ മറ്റുള്ളവരുമായി പങ്കുവെക്കുന്നതൊടൊപ്പം, സ്വന്തം അറിവ്‌ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി വിക്കിയില്‍ സംഭാവന ചെയ്യുന്ന മിക്കവര്‍ക്കുമുണ്ട്‌. ഡോ. വിപിന്‍ അത്തരക്കാരിലൊരാളാണ്‌. കേരളചരിത്രമാണ്‌ അദ്ദേഹം വിക്കിയില്‍ കൂടുതലായി എഴുതാറ്‌. "എഴുതുമ്പോള്‍ നമ്മുടെ അറിവു വര്‍ധിക്കും. മാത്രമല്ല, പഠിച്ച കാര്യം പിന്നീട്‌ നോക്കണമെങ്കില്‍ കൂടെ കൊണ്ടുനടക്കേണ്ടതില്ല. വിക്കിയിലെഴുതിയത്‌ ഓണ്‍ലൈനിലുണ്ടാകും, ലോകത്തെവിടെയിരുന്നും നോക്കാം"-ഡോ.വിപിന്‍ പറയുന്നു. മലയാളം യുണീകോഡാണ്‌ വിക്കിയില്‍ ഉപയോഗിക്കുന്നത്‌. അതിനാല്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകള്‍ അതിനെ പിന്തുണയ്‌ക്കുന്നു. മലയാളം യുണീകോഡ്‌ ഉപയോഗിച്ച്‌ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയാല്‍ മലയാളംവിക്കിയിലെ വിവരങ്ങള്‍ മുന്നിലെത്തും.

ഗുണനിലവാരം അളക്കാനുള്ള വിക്കി ഏകകമായ 'പേജ്‌ഡെപ്‌ത്‌' പ്രകാരം ഇന്ത്യന്‍ഭാഷകളിലെ മറ്റ്‌ വിക്കികളെ അപേക്ഷിച്ച്‌ മലയാളംവിക്കി ഏറെ മുന്നിലാണ്‌. വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം, ലേഖനങ്ങളില്‍ എത്ര തിരുത്തലുകള്‍ നടന്നു, എത്ര അനുബന്ധ ലേഖനങ്ങള്‍ നിലവിലുണ്ട്‌ എന്നിങ്ങനെയുള്ള വിവരങ്ങള്‍ സമീകരിച്ചുണ്ടാക്കിയതാണ്‌ 'പേജ്‌ഡെപ്‌ത്‌' എന്ന ഏകകം.കേരളത്തെക്കുറിച്ചും കേരളീയരെക്കുറിച്ചും കേരളീയതയെക്കുറിച്ചുമുള്ള ലേഖനങ്ങളാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ വരേണ്ടതെന്ന കാര്യത്തില്‍ മിക്ക വിക്കിപ്രവര്‍ത്തകരും യോജിക്കുന്നു. ഇംഗ്ലീഷ്‌വിക്കിയില്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ സന്ദര്‍ശകരുള്ളത്‌. അത്തരം ലേഖനങ്ങള്‍ പക്ഷേ, മലയാളംവിക്കിയില്‍ കുറവാണ്‌. ഉള്ളവയുടെ തന്നെ (ചിലത്‌ മാറ്റി നിര്‍ത്തിയാല്‍) നിലവാരം വളരെ ശോചനീയമാണെന്ന്‌ ഡോ.മഹേഷ്‌ മംഗലാട്ട്‌ വിലയിരുത്തുന്നു. ലേഖനങ്ങളുടെ എണ്ണം ഇത്രയുണ്ടെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതിനേക്കാള്‍, ഉള്ള ലേഖനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കലാണ്‌ പ്രധാനമെന്ന നിലപാടാണ്‌ അദ്ദേഹത്തിന്റേത്‌. "തുറന്ന മനോഭാവവും അറിവു പങ്കുവെക്കാനുള്ള സന്നദ്ധതയും നമ്മുടെ പല ബുദ്ധിജീവികള്‍ക്കുമില്ല; അതും വിക്കി പോലുള്ള സംരംഭങ്ങള്‍ക്ക്‌ പ്രതിബന്ധമാണ്‌"-അദ്ദേഹം വിലയിരുത്തുന്നു. കേരളത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെ മലയാളഭാഷ എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നൊരു ചിന്താഗതി ഉണ്ടാകുന്നില്ല. മലയാളത്തിന്‌ കേരളത്തില്‍ നേരിടുന്ന അവഗണന ഇവിടെയും രൂക്ഷമായി പ്രതിഫലിക്കുന്നു.

"മലയാളംവിക്കിയ്‌ക്ക്‌ പുരോഗതി വേണമെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ കഴിവും സന്നദ്ധതയുമുള്ള കൂടുതല്‍ പേര്‍ അതിലേക്കു വരണം"-മന്‍ജിത്‌ കൈനിക്കര അഭിപ്രായപ്പെടുന്നു. തീര്‍ച്ചയായും അടുത്തകാലം വരെ കേരളത്തിലെ ഭൗതീക സാഹചര്യം ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭത്തിന്‌ അനുകൂലമായിരുന്നില്ല. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകളുടെ വന്‍ചെലവ്‌, ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവ്‌, ഇത്തരം സംഗതികളിലുള്ള ആളുകളുടെ ധാരണക്കുറവ്‌. ഇപ്പോള്‍ പക്ഷേ, കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇടത്തരക്കാര്‍ക്കു താങ്ങാന്‍ പറ്റുന്ന നിലയ്‌ക്ക്‌ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറഞ്ഞിരിക്കുന്നു, പ്രധാന നഗരങ്ങളിലെല്ലാം ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബാന്‍ഡ്‌ ലഭ്യമായിരിക്കുന്നു, അക്ഷയ പോലുള്ള സംരംഭങ്ങള്‍, കേരളത്തിലെ സ്‌കൂളുകള്‍ പോലും സ്വന്തം ബ്ലോഗും സൈറ്റുമൊക്കെ നിര്‍മിച്ച്‌ രംഗത്തെത്തി തുടങ്ങിയിരിക്കുന്നു. ഇതൊരു അനുകൂല സാഹചര്യമാണ്‌. ഈ സാഹചര്യം മലയാളംവിക്കിക്കും ഗുണകരമാക്കാന്‍ കഴിയണം. അല്ലാതെ, മലയാളമെന്നത്‌ ഭാവിയില്‍ വെറുമൊരു ഗൃഹാതുരത്വം മാത്രമായാല്‍ പോര.

അല്‍പ്പം ചരിത്രം

അസാധാരണമാം വിധം ലളിതമായ ഒരു സോഫ്‌ട്‌വേറാണ്‌ 'വിക്കി'(Wiki). വെറും അഞ്ചുവരിയുള്ള ഒരു കമ്പ്യൂട്ടര്‍ കോഡ്‌. ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ വെബ്‌സൈറ്റ്‌ ഉണ്ടാക്കുകയും അനുവദിക്കപ്പെടുന്ന ആര്‍ക്കും എഡിറ്റു ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒന്നാണത്‌. വാര്‍ഡ്‌ കന്നിങ്‌ഹാം എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്‌ 'വിക്കി'യുടെ പിതാവ്‌. 1995-ല്‍ മധുവിധുവിന്‌ ഹാവായിയിലെത്തിപ്പോഴാണ്‌ വിക്കിയെന്ന പേര്‌ കന്നിങ്‌ഹാമിന്‌ ലഭിച്ചത്‌; ഹോണോലുലു ദ്വീപിലെ വിമാനത്താവള ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ്‌ ആര്‍.ടി 52 ബസ്സിന്റെ പേരില്‍ നിന്ന്‌. ഹാവായിയന്‍ ഭാഷയില്‍ വിക്കിയെന്നാല്‍ 'വേഗത്തില്‍' എന്നാണര്‍ത്ഥം. 1995 മാര്‍ച്ച്‌ 25-ന്‌ കന്നിങ്‌ഹാം ഈ സോഫ്‌ട്‌വേറിനെ www.c2.com എന്ന സൈറ്റില്‍ കുടിയിരിത്തി. ഇന്ന്‌ എത്രയോ വന്‍കിട സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളുടെ വിജയത്തിന്‌ വിക്കിമാര്‍ഗ്ഗം തേടുന്നു.

വിക്കി സോഫ്‌ട്‌വേര്‍ ഉപയോഗിച്ച്‌ ജിമ്മി വേയ്‌ല്‍സ്‌ ആണ്‌ 'വിക്കിപീഡിയ'(www.wikipedia.org) യെന്ന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നത്‌; 2001 ജനുവരി 15-ന്‌. ഇംഗ്ലീഷ്‌ വിക്കിപീഡിയയിരുന്നു അന്ന്‌ ആരംഭിച്ചത്‌. ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ തന്നെയാണ്‌ വിക്കിപീഡിയയില്‍ സൗജന്യമായി എഴുതുന്നത്‌. ആദ്യവര്‍ഷം തന്നെ ഇംഗ്ലീഷ്‌ വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്നത്‌ ഇരുപതു ലക്ഷത്തോളമാണ്‌. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ ലേഖനങ്ങളുടെ എണ്ണം ഇതിലും എത്രയോ കുറവാണ്‌. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ബ്രിട്ടാണിക്കയ്‌ക്കൊപ്പം തന്നെയാണ്‌ വിക്കിപീഡിയയുടേയും സ്ഥാനമെന്ന്‌, പ്രശസ്‌ത ഗവേഷണ വാരികയായ 'നേച്ചര്‍' ഒരുവര്‍ഷം മുമ്പ്‌ തെളിയിക്കുകയുണ്ടായി. ഇപ്പോള്‍ ദിനംപ്രതി ആറുലക്ഷത്തിലേറെപ്പേര്‍ ഇംഗ്ലീഷ്‌ വിക്കിപീഡിയ സന്ദര്‍ശിക്കുന്നു.
(വിക്കി സോഫ്‌ട്‌വേര്‍ സംബന്ധിച്ച്‌ ഇവിടെ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍, 2005 ജൂണ്‍ ആറിന്റെ 'ടൈം മാഗസിനി'ല്‍ വന്ന Wiki, Wiki, World എന്ന ലേഖനത്തില്‍ നിന്ന്‌ കടംകൊണ്ടതാണ്‌)

മറ്റ്‌ വിക്കി സംരംഭങ്ങള്‍

‍വിക്കിപീഡിയയ്‌ക്കുണ്ടായത്‌ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്‌. അതിന്റെ ചുവടുപിടിച്ച്‌, വിക്കിമീഡിയ ഫൗണ്ടേഷന്‍ മറ്റ്‌ വിവരശേഖരണ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ 'വിക്ഷ്‌ണറി', പഠനസഹായികളും മറ്റും ഉള്‍പ്പെടുന്ന 'വിക്കിബുക്‌സ്‌', പൗരവാര്‍ത്തകളുടെ സഹായത്തോടെയുള്ള 'വിക്കിന്യൂസ്‌', പകര്‍പ്പവകാശ കാലയളവു കഴിഞ്ഞ ഗ്രന്ഥങ്ങള്‍ ശേഖരിച്ചുവെയ്‌കുന്ന 'വിക്കിസോഴ്‌സ്‌', സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന 'വിക്കിവാഴ്‌സിറ്റി', ഉദ്ധരണികള്‍ ചേര്‍ത്തുവെക്കുന്ന 'വിക്കിക്വോട്‌സ്‌' എന്നിവയൊക്കെ വിക്കിപീഡിയയുടെ സഹസംരംഭങ്ങളാണ്‌.

വിക്കിസോഴ്‌സ്‌: മലയാളത്തില്‍ 'വിക്കിവായനശാല'(http://ml.wikisource.org/) എന്ന പേരില്‍ അറിയപ്പെടുന്നു. യുണീകോഡിലാകുന്ന ആദ്യമലയാള ഗ്രന്ഥമായ 'സത്യവേദപുസ്‌തകം (ബൈബിള്‍)' ആണ് ‌. ഇവിടെയെത്തുന്ന ആദ്യഗ്രന്ഥമാണത്‌.
വിക്ഷ്‌ണറി: മലയാളത്തില്‍'വിക്കിനിഘണ്ടു' (http://ml.wiktionary.org/) എന്ന പേരിലും  വിക്കിബുക്‌സ്‌:മലയാളത്തില്‍ 'വിക്കിപുസ്‌തകശാല' (http://ml.wikibooks.org/) എന്ന പേരിലും.
വിക്കിക്വോട്‌സ്  :മലയാളം വിക്കി ചൊല്ല്(http://ml.wikiquote.org/)എന്ന പേരിലും പ്രവര്‍ത്തിക്കുന്നു.

വിക്കി പദാവലി

വിക്കിപീഡിയര്‍ - സേവന സന്നദ്ധരായി വിക്കിപീഡിയയില്‍ സഹകരിക്കുന്നവര്‍. ഇവരുടെ സമൂഹമാണ്‌ വിക്കിസമൂഹം. മലയാളംവിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം വിക്കിപീഡിയറുണ്ട്‌. രജിസ്റ്റര്‍ ചെയ്യാത്തവരുമുണ്ട്‌. വിക്കിപീഡിയരില്‍ ചിലര്‍ വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ തെറ്റുകള്‍ തിരുത്തുന്നു, മറ്റു ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു, വേറെ ചിലര്‍ പുതിയതായി വിക്കസമൂഹത്തില്‍ ചെരുന്നവരെ സ്വാഗതം ചെയ്യുന്നു. വിജ്ഞാനതൃഷ്‌ണയും സന്നദ്ധതയുമാണ്‌ വിക്കിപീഡിയരെ നയിക്കുന്നത്‌.

സിസോപ്പുകള്‍ - വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരാണ്‌ ഇവര്‍. വിക്കിപീഡിയയില്‍ സൃഷ്ടിക്കപ്പെടുന്ന ചപ്പും ചവറും മാറ്റുന്നതും, തങ്ങള്‍ക്കിടയിലേക്ക്‌ നുഴഞ്ഞു കയറിയേക്കാവുന്ന വിക്കിവിരുദ്ധരെ നിയന്ത്രിക്കുന്നതും സിസോപ്പുകളാണ്‌. ഒരേസമയം വിക്കിസമൂഹത്തിലെ തൂപ്പുകാരും പടയാളികളുമാണ്‌ ഇവരെന്നു പറയാം. സിസോപ്പുകളെ വിക്കിപീഡിയര്‍ തിരഞ്ഞെടുക്കുന്നു. .
ബ്യൂറോക്രാറ്റുകള്‍ - മുകളില്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളെയും അപേക്ഷിച്ച്‌ ജോലിഭാരം കൂടിയ വിഭാഗമാണ്‌ ബ്യൂറോക്രാറ്റുകള്‍. ഇവരെയും വിക്കപീഡിയര്‍ തിരഞ്ഞെടുക്കുകയാണ്‌ ചെയ്യുക. വൃത്തിയാക്കല്‍, സംരക്ഷണം തുടങ്ങിയ ജോലികള്‍ക്കു പുറമെ, പുതിയതായെത്തുന്ന സിസോപ്പുകളെയും മറ്റും പരിശീലിപ്പിച്ചെടുക്കുകയെന്നതും ബ്യൂറോക്രാറ്റുകളുടെ ജോലിയാണ്‌. മലയാളംവിക്കിയില്‍ ഒരു ബ്യൂറോക്രാറ്റാണുള്ളത്‌.


നിങ്ങള്‍ക്കും പങ്കുചേരാം

വിക്കിപീഡിയയുടെ ഏറ്റവും വലിയ സവിശേഷത എത്ര കൂടുതല്‍ ആളുകള്‍ അതില്‍ പങ്കു ചേരുന്നുവോ അത്രയും ഗുണനിലവാരം വര്‍ധിക്കുമെന്നതാണ്‌. മലയാളംവിക്കിയുടെ കാര്യവും വ്യത്യസ്‌തമല്ല. മലയാളംവിക്കിയില്‍ ഇപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം അംഗങ്ങളുണ്ടെങ്കിലും, ലേഖനങ്ങള്‍ രചിച്ചും ചിത്രങ്ങള്‍ ചേര്‍ത്തും വിക്കിയെ പരിപോഷിക്കുന്നവരുടെ സംഖ്യ ഇരുപതില്‍ താഴെ മാത്രമാണ്‌. ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടാകണം. എല്ലാ തരത്തിലും പെട്ട കേരളീയര്‍ മലയാളംവിക്കിയുടെ ഭാഗമാകണം.

ഇന്‍ര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളിയെ സംബന്ധിച്ച്‌ വിക്കിയില്‍ സഹകരിക്കുക ഇന്നൊരു പ്രശ്‌നമേയല്ല. അതില്‍ എങ്ങനെ ലേഖനങ്ങള്‍ എഴുതാം, തിരുത്താം എന്നൊക്കെയുള്ള വിവരങ്ങള്‍ വിക്കിയില്‍ തന്നെയുണ്ട്‌. അല്‍പ്പം സമയവും സന്നദ്ധതയും കാട്ടണമെന്നു മാത്രം. ഒരുപക്ഷേ, അക്ഷരത്തെറ്റു മാറ്റിയാകാം ഒരു വിക്കിലേഖനത്തെ നിങ്ങള്‍ക്ക്‌ നന്നാക്കാന്‍ കഴിയുക. അല്ലെങ്കില്‍ ഒരു പിശക്‌ തിരുത്തി, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ താത്‌പര്യമുള്ള ഒരു ലേഖനം തുടങ്ങി. അതേ താത്‌പര്യമുള്ള മറ്റാരെങ്കിലുമൊക്കെ ചേര്‍ന്ന്‌ അത്‌ പൂര്‍ത്തിയാക്കിക്കൊള്ളും. ഇതൊന്നുമല്ലെങ്കില്‍ ഒരു ചിത്രം സംഭാവന ചെയ്‌ത്‌, ഒരു രേഖാചിത്രം വരച്ചു കൊടുത്ത്‌. അങ്ങനെ, അങ്ങനെ, മലയാളത്തെ ഈ കൂട്ടായ്‌മയിലൂടെ ഭാവിക്കായി നിലനിര്‍ത്താന്‍ ഓരോ മലയാളിക്കും കഴിയും.
(2007 സപ്‌തംബര്‍ രണ്ടിന്റെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഷിജു അലക്‌സ്‌, മന്‍ജിത്‌ കൈനിക്കര, ഫ്രാന്‍സിസ്‌ സിമി നസ്രേത്ത്‌. ചിത്രീകരണം: സജീവന്‍ എന്‍.എന്‍,കടപ്പാട്‌: മാതൃഭൂമി).

കടപ്പാട് : കുറിഞ്ഞി ഓണ്‍ലൈന്‍


0 സംവാദം